ലഹരി ഉപയോഗിക്കുന്നവരെ ഇതിലേ...

പാലക്കാട് ഡിവിഷൻ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (Gr) കെ. വസന്തകുമാർ എഴുതുന്നു. നമ്മൾ കരുതിയിരിക്കേണ്ട കാലമാണ്. ആഗോള താലത്തിൽ നെറ്റ് വർക്ക് അടിസ്ഥിതമായ വികാസം അതിൻ്റെ പാരമ്യത്തിലേക്കും അതിൻ്റെ ഉപയോഗ സാധ്യതകൾ പതിൻ മടങ്ങുകളിലേക്കും വ്യാപിക്കാൻ പോകുന്ന ഒരു കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുവാൻ പോകുകയാണ്. പുതിയ കാലഘട്ടത്തിൻ്റെ അനന്തമായ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയണമെങ്കിൽ നാം ശാരീരികമായും മാനസികമായും കരുത്തുറ്റവരാകണം. നാം പിന്നിട്ട കാലഘട്ടത്തിൽ ബുദ്ധിശക്തി അളക്കുന്നതിന് ആശ്രയിച്ചിരുന്നത് ഇൻ്റലിജൻസ് ക്വാഷ്യൻ്റിനെ (Intelligence Quotient - IQ) ആണ്. ഒരു വ്യക്തിയുടെ മാനസിക വയസ്സും യഥാര്‍ത്ഥ വയസ്സും തമ്മിലുള്ള അനുപാതത്തെ ആണ് ഇത് സൂചിപ്പിക്കുന്നത്. നല്ല IQ നിലവാരം ഉള്ള ഒരാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു എന്ന ഒരു വിശ്വാസം അന്ന് ഉണ്ടായിരുന്നു. എന്നാൽ പുതിയ കാലഘട്ടത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ നല്ല IQ നിലവാരം മാത്രം പോര എന്നും വളരെ നല്ല വൈകാരിക ബുദ്ധി (Emotional Intelligence - EQ) ഉള്ള ആളുകൾക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ എന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതിനാൽ തന്നെ മാനവ വിഭവശേഷിയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ തൊഴിലുടമകൾ ജീവനക്കാരുടെയും ഉദ്യോഗാർത്ഥികളുടെയും വൈകാരിക ബുദ്ധി കൂടി പരിഗണിക്കുന്നുണ്ട്. വാസ്തവത്തിൽ, 71 ശതമാനം തൊഴിലുടമകളും ഉദ്യോഗാർത്ഥികളെ വിലയിരുത്തുമ്പോൾ സാങ്കേതിക കഴിവുകളേക്കാൾ വൈകാരിക ബുദ്ധിയും പരിഗണിക്കുന്നുണ്ട്.
സ്വയം അവബോധം (Self Awareness), സ്വയം നിയന്ത്രണം (Self Control), പ്രചോദനം (Inspiration), സഹാനുഭൂതി (Empathy), സാമൂഹിക കഴിവുകൾ (Social Skills) എന്നിയാണ് വൈകാരിക ബുദ്ധിയുടെ സുപ്രധാന അഞ്ച് ഘടകങ്ങൾ. ആസക്തിയിൽ (Addiction) നിന്നും മോചനം നേടാൻ സഹായിക്കുന്ന ഒരു പ്രധാന സ്കിൽ ആണ് വൈകാരിക ബുദ്ധി. വൈകാരിക ബുദ്ധി ശേഷി കൂടുതൽ ഉള്ള ആളുകൾക്ക് അവരുടെ സ്വന്തം വികാരങ്ങളും, മറ്റുള്ളവരുടെ വികാരങ്ങളും മനസ്സിലാക്കാനും, നിയന്ത്രിക്കാനും സഹായിക്കും. കുറഞ്ഞ വൈകാരിക ബുദ്ധി ഉള്ള ആളുകൾക്ക് വികാരങ്ങളെ നേരിടാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്ന് മാത്രമല്ല ആസക്തി, വിഷാദം, ആക്രമ വാസന, കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനുള്ള പ്രവണത എന്നിവയിലേക്കും അത് നയിച്ചേക്കാം. വൈകാരിക ബുദ്ധി ശേഷി വളരെ കുറഞ്ഞ ആളുകൾക്ക് ലഹരി വസ്തുക്കളോട് ആസക്തി കൂടുതലുള്ളതായി ശാസ്ത്രീയമായ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം മനുഷ്യ ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന പോലെ തന്നെ തലച്ചോറിൻ്റെ പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് നമ്മുടെ തലച്ചോറിലെ ന്യൂറോൺ കോശങ്ങളുടെ പ്രവർത്തന ഫലമായാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം ന്യൂറോൺ കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനോ, ന്യൂറോൺ കോശങ്ങളുടെ പ്രവർത്തനം ത്വരിത ഗതിയിലോ, മന്ദഗതിയിലോ ആകുന്നതിനോ സാധ്യതയുണ്ട്. അത് ഏത് തരം ലഹരി വസ്തു ആണ് ഉപയോഗിച്ചത് എന്നതിനെ ആശ്രയിച്ചിരിക്കും. മയക്കുമരുന്നുകളെ പ്രധാനമായും മൂന്നായി തരംതിരിക്കാം. ഉത്തേജകങ്ങൾ (Stimulants), മന്ദീഭവങ്ങൾ (Depressants) / മയക്കം വരുത്തുന്നവ (Sedatives), ഹാലുസിനോജനുകൾ (Hallucinogens) എന്നിവയാണവ. ഒരു ലഹരി വസ്തു ഉപയോഗിക്കുന്നത് വഴി ന്യൂറോൺ കോശങ്ങളുടെ പ്രവർത്തനത്തിൽ പ്രഭാവം /വ്യതിയാനം സൃഷ്ടിക്കുകയാണെങ്കിൽ സ്വാഭാവികമായി നമുക്കുണ്ടായിരുന്ന കഴിവുകൾ എന്നന്നേക്കുമായി ഇല്ലാതെയാകുന്നതിന് കാരണമാകും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (Artificial Intelligence - AI), റോബോട്ടിക്സ് (Robotics), 3D പ്രിൻ്റിംഗ് (3D Printing), ഡാറ്റ സയൻസ് (Data Science), ഇൻ്റർനെറ്റ് ഓഫ് തിംഗ്സ് (Internet of Things - IoT) എന്നിവയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് നമ്മൾ പ്രവേശിക്കാൻ പോകുകയാണ്. 2030 ന് ശേഷം റോബോട്ടുകൾ നമ്മുടെ സഹപ്രവർത്തകരായി ഉണ്ടാകും. ആ കാലഘട്ടത്തിൽ മനുഷ്യ വിഭവ ശേഷി റോബോട്ടുകളോട് മത്സരിക്കുന്ന ഒരു തലത്തിലേക്ക് ആഗോള തലത്തിൽ മാറ്റം സംജാതമാകുമെന്ന് ടെക്നോക്രാറ്റുകൾ വിലയിരുത്തുന്നുണ്ട്. മാത്രമല്ല 2040-50 കാലഘട്ടത്തിൽ 50% തൊഴിൽ റോബോട്ടുകൾ അപഹരിക്കാനും സാധ്യതയുണ്ടെന്ന് പൊതുവായി വിലയിരുത്തുന്നു. ഈ കാലഘട്ടത്തിലെ സാധ്യതകൾ നമുക്ക് പരമാവധി ഉപയോഗിക്കാൻ കഴിയണമെങ്കിൽ നല്ല ബുദ്ധി ശേഷിയും, സ്വഭാവ ശുദ്ധിയും, ആരോഗ്യവും ഉള്ള ആളുകൾ ആകേണ്ടതുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം ആസക്തിയായി രൂപപ്പെടുന്നു. അത് ദീർഘകാലം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ തലച്ചോറിലെ നാഡീ കോശങ്ങളുടെ പ്രവർത്തനങ്ങൾക്ക് തകരാറുകൾ സംഭവിക്കാൻ കാരണമാകുന്നു. വരും നാളുകളിൽ മനുഷ്യ വിഭവ ശേഷി റോബോട്ടുകളോട് ആണ് മത്സരിക്കേണ്ടത് എന്നതിനാൽ തൊഴിൽ രംഗത്തും, സംരഭകത്വ മേഖലയിലും, മാനേജീരിയൽ രംഗത്തും ലഹരി ഉപയോഗം വലിയ പ്രതിസന്ധി സൃഷ്ടിക്കും, തീർച്ച. നിലവിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ വിഷമിക്കേണ്ടതില്ല എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ലഹരി മോചന കേന്ദ്രത്തിലെ ചികിത്സയിലൂടെ നിങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള എക്സൈസ് ഓഫീസുമായി ബന്ധപ്പെടുക. കുട്ടികളോടും യുവാക്കളോടും ഒരു വാക്ക്; നിങ്ങളാണ് ഈ രാജ്യത്തിൻ്റെ സമ്പത്ത്, മാത്രമല്ല നിങ്ങളാണ് നാളെ ഈ രാജ്യത്തെ നയിക്കേണ്ടവർ. ജീവിതത്തിൽ ഒരു ഘട്ടത്തിലും ലഹരി ഉപയോഗിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. നിങ്ങളുടെ അഭാ പ്രായങ്ങൾ 9447364609 നമ്പറിൽ അറിയിക്കാം.