ലൈഫ് ഭവനപദ്ധതി പൂർത്തിയാക്കും

പട്ടാമ്പി ⚫ മുതുതല ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണത്തിന് ഉന്നൽ നൽകിയുള്ള ബഡ്ജറ്റ് വൈസ് പ്രസിഡന്റ് സി. മുകേഷ് അവതരിപ്പിച്ചു. പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷയായി. ആകെ 31,26,5 2,020 രൂപ വരവും, 30,16,85,940 രൂപ ചിലവും, 1,09,66,080 രൂപ നീക്കിയിരുപ്പുമുള്ള മിച്ച ബഡ്ജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.
ലൈഫ് ഭവന പദ്ധതി പൂർത്തികരിക്കൽ, പഞ്ചായത്ത് മൈതാനം നിർമ്മിക്കൽ, മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഫലപ്രദമായ മാലിന്യ സംസ്കരണ പദ്ധതികൾ, പഞ്ചായത്തിനെ കാർബൺ ന്യൂട്രൽ പഞ്ചായത്തിക്കി മാറ്റാൻ ആവശ്യമായ പദ്ധതികൾ എന്നിവക്കാണ് പദ്ധതിയിൽ ഉന്നൽ നൽകിയിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ പൂർത്തീകരണത്തിനായി 7.30 കോടി രൂപയും, പഞ്ചായത്ത് മൈതാനത്തിന്റെ നിർമ്മാണ പ്രവർത്തികൾക്കായി 1.20 കോടി രൂപയും, നിർമ്മാണം പൂർത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ തുടർ പ്രവർത്തികൾക്കായി 25 ലക്ഷവും, ജൈവ വൈവിധ്യ പ്രവർത്തനങ്ങൾക്കായി 5 ലക്ഷവും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്ക് 25 ലക്ഷം രൂപയുമാണ് പ്രധാനമായും വക ഇരുത്തിയിരിക്കുന്നത്. ഉൽപാദന, സേവന, പശ്ചാത്തല മേഖലകളിൽ ഉണർവുണ്ടാക്കാൻ കഴിയുന്നതാണ് ഇത്തവണ മുതുതല ഗ്രാമപഞ്ചായത്തിൽ അവതരിപ്പിച്ച ബഡ്ജറ്റ്.
പഞ്ചായത്തംഗങ്ങളായ പി.ഡി. സുബീഷ്, അമീറ മുസ്തഫ, ജെ.എച്ച്.ഐ മുരളി മഠത്തിൽ, പി.ഷൺമുഖൻ, പി.എൻ. പരമേശ്വരൻ, എ.പി. ഉണ്ണികൃഷ്ണൻ, ടി. ഗോപാലകൃഷ്ണൻ, എം. ശങ്കരൻകുട്ടി, പി.വി. നിർമ്മല, സെക്രട്ടറി സി.പി. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എച്ച്.കെ. സുനിൽ എന്നിവർ സംസാരിച്ചു.