വികസനം എന്നത് സാമ്പത്തികം ജനങ്ങളിൽ എത്തുമ്പോൾ
പട്ടാമ്പി ⚫ വികസനമെന്നാൽ സാമ്പത്തിക വളർച്ച മാത്രമല്ലെന്നും അതിന്റെ നേട്ടം ജനങ്ങൾക്ക് എത്ര കിട്ടുന്നു എന്നതുകൂടിയാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്. ജൂൺ 13 ന് ഇ.എം.എസ് ജന്മദിനത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ പി.കെ. രാജൻ പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ഇ.എം.എസ് സ്മൃതി പ്രഭാഷണവും, സംവാദവും എന്ന പരിപാടിയിൽ "ഇ.എം.എസും, കേരള വികസനവും" എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക വളർച്ചയുടെയും ഉൽപ്പാദന വർധനയുടെയും നേട്ടം സാധാരണക്കാർക്കുകൂടി കിട്ടുന്നതാണ് യഥാർഥ വികസനമെന്നാണ് ഇ.എം.എസ് പറഞ്ഞത്. അത്തരത്തിൽ വികസനം എത്തുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ഇന്നത്തെ ഇന്ത്യ എടുത്താൽ മതി. ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറാൻപോകുന്നുവെന്ന പ്രചാരണമുണ്ട്. ഇന്ത്യയിലെ 10 ശതമാനം ജനങ്ങളുടെ കൈയിലേക്കാണ് 57 ശതമാനം വരുമാനം പോകുന്നത്. ബാക്കി 90 ശതമാനം ജനങ്ങൾക്ക് കിട്ടുന്നത് 43 ശതമാനം മാത്രം. 90 ശതമാനം ഇന്ത്യക്കാരന്റെ വരുമാനം സോമാലിയക്കാരന്റെ വരുമാനത്തേക്കാൾ താഴെയാകും. ഇ.എം.എസ്സിന്റെ കാഴ്ചപ്പാടിൽ പാവപ്പെട്ടവർക്ക് വരുമാനത്തിന്റെ ന്യായമായ വിഹിതം കിട്ടുന്നത് കേരളത്തിലാണെന്നാണ് ഇ.എം.എസിന്റെ കാഴ്ചപ്പാട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് പാർടി 1956ൽ ഐക്യകേരള വികസന പരിപാടി അംഗീകരിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഭൂപരിഷ്കരണം. കോളേജ് വിദ്യാർഥികൾക്ക് ജോലി ലഭിക്കാനാവശ്യമായ നൈപുണി പരിശീലനം ആഗസ്തിൽ തുടങ്ങുമെന്നും തോമസ് ഐസക്ക് പറഞ്ഞു. മേലേ പട്ടാമ്പിയിലെ രാജപ്രസ്ഥം ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സുബൈദ ഇസഹാഖ് അധ്യക്ഷയായി. കവി ഡോ. പി.എൻ. ചന്ദ്രശേഖരൻ ഇ.എം.എസ്സിനെക്കുറിച്ച് എഴുതിയ കവിത ആലപിച്ചാണ് ഇ.എം.എസ് സ്മൃതിക്ക് തുടക്കമായത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി.കെ. നാരായണദാസ്, ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, എൻ.പി. വിനയകുമാർ, എ.വി. സുരേഷ്, ഒ. ലക്ഷ്മിക്കുട്ടി എന്നിവർ സംസാരിച്ചു. എം.ആർ. സുനിലിന്റെ നേതൃത്വത്തിൽ പഴയ ഗാനങ്ങളുടെ അവതരണവുമുണ്ടായി.