logo
AD
AD

നീരവ് വരയ്‌ക്കുന്നു; വായനയുടെ പുസ്തകങ്ങൾ

പട്ടാമ്പി ⚫ ബാല ചിത്രകാരനായ നീരവ് എസ് ഗണേഷ് വായനയുടെ പുസ്തകങ്ങൾ വരച്ചാണ് ഇത്തവണ വായനാവാരാചരണം കളറാക്കിയത്. വായിച്ച പുസ്തകങ്ങളും, വായിക്കാൻ പോകുന്ന പുസ്തകങ്ങളും, അമ്മ വായിച്ച പുസ്തകങ്ങളുമൊക്കെ നീരവിന്റെ ചിത്രങ്ങളിലുണ്ട്. നൂറോളം വരുന്ന വ്യത്യസ്ഥ സാഹിത്യകൃതികളടങ്ങിയ വലിയ ചിത്രം വീടിൻ്റെ ചുമരിൽ പതിപ്പിച്ചിരിക്കുന്നു. നീരവിൻ്റെ ഓരോ ചിത്രവും ഓരോ അനുഭവങ്ങളാണ്. വീടിൻ്റെയും, കട്ടിലിൻ്റെയും, മേശയുടെയും, അലമാരയുടെയുമൊക്കെ രൂപങ്ങൾ ക്യാൻവാസിലേക്ക് പകർത്തുമ്പോൾ അത് പുസ്തകങ്ങളായി രൂപപ്പെട്ടു വരുന്നു. നിറങ്ങളുടെ ക്യാമ്പിനേഷനാണ് ചിത്രങ്ങളെ ആകർഷകമാക്കുന്നത്.

പത്ത് പാറ്റേണുകളിലായി ഏഴടി ക്യാൻവാസിൽ ആണ് ചിത്രമൊരുക്കിയിരിക്കുന്നത്. മഞ്ഞ നിറത്തോടാണ് നീരവിന് കൂടുതൽ പ്രിയമെങ്കിലും വായനക്ക് വേണ്ടി വരച്ച ചിത്രങ്ങളിൽ മഞ്ഞനിറം കുറവാണ്. വായനയുടെ പ്രസക്തി കൂട്ടുക്കാരുമായി പങ്ക് വെക്കാനാണത്രേ ഈ ചിത്രങ്ങളെല്ലാം അവൻ വരച്ചിരിക്കുന്നത്. അച്ഛൻ കൊണ്ടുവന്നു തരുന്ന കുഞ്ഞു പുസ്തകങ്ങൾ അവധികാലത്ത് വായിച്ചു തുടങ്ങിയതു കൊണ്ടാണ് വേഗത്തിൽ തന്നെ വലിയൊരു ക്യാൻവാസിൽ ചിത്രം വരക്കാനായതെന്നാണ് നീരവ് പറഞ്ഞത്. ഒരാഴ്ച കൊണ്ടാണ് വാട്ടർ കളറിൽ ഇത്രയും ചിത്രങ്ങളൊരുക്കിയത്. ഇതിനകം തന്നെ ഏഴായിരത്തോളം ചിത്രങ്ങൾ വരച്ചു കഴിഞ്ഞു ഈ കൊച്ചു മിടുക്കൻ.

കേരള സർക്കാറിൻ്റെ ഇത്തവണത്തെ ഉജ്ജ്വല ബാല്യ പുരസ്കാരവും നാല് ദേശീയ പുരസ്കാരങ്ങളുമടക്കം എഴുപതോളം പുരസ്കാരങ്ങൾ നീരവിന് ഇതിനകം ലഭിച്ചിട്ടുണ്ട്. കൊച്ചിൻ ബിനാലെ ചിൽഡ്രൻസ് വിഭാഗത്തിൽ പ്രദർശിപ്പിച്ച 'കറുത്ത നഗരം 'ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്ത്യയിൽ വിവിധ ഗാലറികളിലായി പത്തോളം പ്രദർശനങ്ങൾ നടത്തി. പട്ടാമ്പി ജി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ നീരവ് കണ്ണൂർ സ്വദേശിയും ബാലസാഹിത്യകാരനുമായ ഗണേഷ് വേലാണ്ടിയുടെയും, റവന്യൂ ജീവനക്കാരി സുനിതയുടെയും മകനാണ്.

latest News