പനയൂര്‍ക്കാവ് ചെക്ക് ഡാം നിര്‍മ്മാണം തുടങ്ങി
അമ്പലപ്പാറ ഗ്രാമ പഞ്ചായത്തിലെ പനയൂര്‍ക്കാവ് ചെക്ക് ഡാമിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സിന്റെ ഭാഗമായി കെ പ്രേംകുമാര്‍ എം എല്‍ എയുടെ ശ്രമഫലമായാണ് ചെക്ക് ഡാം പദ്ധതി യാഥാർത്ഥ്യമാകുന്നത്.
നവകേരള മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി 2.66 കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. 60 മീറ്റര്‍ നീളത്തിലും മൂന്ന് മീറ്റര്‍ ഉയത്തിലുമാണ് ചെക്ക് ഡാമിന്റെ നിര്‍മ്മാണം. ചെക്ക് ഡാമിന്റെ ഇരു കരയിലും സംരക്ഷണ ഭിത്തിയും നിര്‍മ്മിക്കും. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ അമ്പലപ്പാറ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏകദേശം 67 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും സമീപ പ്രദേശത്തെ കിണറുകളിലെ ജലനിരപ്പ് വര്‍ദ്ധിപ്പിക്കാനും കുടിവെള്ളക്ഷാമം പരിഹരിക്കാനും സാധിക്കും.
കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായി. അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിനോദ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം ജി ലത, പഞ്ചായത്തംഗങ്ങളായ എ വിജിത, പി പി ഹരിദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
