കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഉദ്ഘാടനം മാർച്ച് 1 ന്
പട്ടാമ്പി ● ഭാരതപ്പുഴയ്ക്ക് കുറുകെ മലപ്പുറം പാലക്കാട് ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച തൃത്താല അസംബ്ലി മണ്ഡലത്തിൽ ഉൾപ്പെട്ട കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഉദ്ഘാടനം മാർച്ച് 1 ന് വൈകീട്ട് അഞ്ചിന് സംഘടിപ്പിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി 118 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പാലത്തിന്റെയും 29 ഷട്ടറുകളുടെയും നിര്‍മാണം പൂര്‍ത്തിയായി. പാലത്തിന്റെ മുകളില്‍ ഇരുഭാഗത്തുമായി ഒന്നരമീറ്റര്‍ വീതിയില്‍ നടപ്പാതയും കൈവരികളും ഒരുക്കിയിട്ടുണ്ട്. 418 മീറ്റര്‍ നീളം വരുന്ന റെഗുലേറ്റര്‍ കം ബ്രിഡ്ജിന് 11 മീറ്റര്‍ വീതിയുണ്ട്.
കുമ്പിടി ഭാഗത്ത് സ്ഥലമേറ്റടുപ്പ് പൂര്‍ത്തിയാക്കി റോഡ് നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. ജലസേചനത്തിന്റെയും കുടിവെള്ള വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ 93 ശതമാനവും പൂര്‍ത്തീകരിച്ചു. കാങ്കപ്പുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിയിലൂടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനാവും. പാലക്കാട് മലപ്പുറം ജില്ലകളെ എളുപ്പത്തില്‍ ബന്ധിപ്പിക്കുന്നതോടെ ഗതാഗത ദുരിതത്തിനും പരിഹാരമാകും.
