മുതുതലയുടെ സ്വപ്നം യാഥാർത്ഥ്യമാക്കി കുടുംബാരോഗ്യ കേന്ദ്രം ഇന്നു തുറക്കും.
പട്ടാമ്പി ⚫ ദീർഘകാലമായി മുതുതലയിലെ ജനങ്ങളുടെ പ്രധാന ആവശ്യമായിരുന്ന കുടുംബാരോഗ്യകേന്ദ്രം ഇന്ന് (ഞായറാഴ്ച) രാവിലെ 9.30 ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് മുഹമ്മദ് മുഹസിൻ എം.എൽ.എ. ശനിയാഴ്ച ആശുപത്രിയിലെ ഒരുക്കൾ വിലയിരുത്തി മുതുതലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 27 വർഷമായി വിവിധ വാടക കെട്ടിടങ്ങളിലെ പരിമിതിയിൽ നിന്നു കൊണ്ട് പ്രവർത്തിച്ചുവന്ന കുടുംബാരോഗ്യ കേന്ദ്രം ഇനി മുതൽ മണ്ഡലത്തിലെ തന്നെ മികച്ച കെട്ടിടത്തിൽ പ്രവർത്തിക്കും. ആധുനിക നിലവാരത്തിലോരുക്കിയ കെട്ടിടത്തിൽ ഒരു കുടുംബാരോഗ്യകേന്ദ്രത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. 1997 മുതലുള്ള മുതുതല പഞ്ചായത്തിലെ ഭരണ സമിതികളും, പൊതു പ്രസ്ഥാനത്തിന്റെ പ്രവർത്തകരും, ഇവിടുത്തെ ജനങ്ങളും ആഗ്രഹിക്കുന്ന വിധത്തിൽ സൗകര്യമൊരുക്കാൻ കഴിഞ്ഞത് ഒരു വാഗ്ദനത്തിന്റെ പൂർത്തികരണം കൂടിയാണെന്ന് എം.എൽ.എ പറഞ്ഞു.
ഫണ്ട് അനുവദിച്ചിട്ടും കെട്ടിടം നിർമ്മിക്കാൻ സ്വന്തമായി മുതുതലയിൽ ഭൂമിയില്ലാതിരുന്ന ആരോഗ്യവിഭാഗത്തിന് മുതുതലയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 25 സെന്റ് സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായ മുതുതല അണ്ണേങ്കോട്ടിൽ പരേതനായ ഗോപാലന് നമ്പ്യാരുടെ ഭാര്യ ഭാര്‍ഗ്ഗവി പെരുമ്പ്രനേശ്ശ്യാര്ക്ക് എം.എൽ.എ നന്ദി അറിയിച്ചു. മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.മുകേഷ്, പഞ്ചായത്ത് സെക്രട്ടറി സി.പി. സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ.എ.അഷറഫ്, പഞ്ചായത്ത് അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവരും എം.എൽ.എ ക്കൊപ്പമുണ്ടായിരുന്നു