രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിവിധത കാ അമൃത് മഹോത്സവത്തിൽ ഉബൈദിൻ്റെ കരവിരുത് ശ്രദ്ധേയമായി

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ലോകത്തിൻ്റെ മുന്നിൽ പ്രദർശിപ്പിക്കുന്നതിനും കരകൗശല വിദഗ്ദരെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് രാഷ്ട്രപതി ഭവനിൽ സംഘടിപ്പിച്ച വിവിധത കാ അമൃത് മഹോത്സവത്തിൻ്റെ രണ്ടാം പതിപ്പിൽ ശ്രദ്ധേയനായി പട്ടാമ്പി തിരുമിറ്റക്കോട് സ്വദേശി ആർടിസ്റ്റ് ഉബൈദ് സാനഡു.
സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണാടകം, ആന്ധ്ര, തെലങ്കാന എന്നിവയിൽ നിന്നും, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കലാ-കരകൗശല വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നാല് നാൾ നീണ്ടുനിന്ന വിവിധത കാ അമൃത് മഹോത്സവ് രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഹാൻ്റി ക്രാഫ്റ്റ് ഡവലപ്മെൻ്റ് കമ്മീഷണർ മുഖേന കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 കരകൗശല വിദഗ്ധരിൽ പട്ടാമ്പിയിൽ നിന്നുള്ള ആർട്ടിസ്റ്റ് ഉബൈദ് ഇടം നേടിയിരുന്നു. ഉബൈദിന്റെ കലാ-കരകൗശല സ്റ്റാൾ രാഷ്ട്രപതി സന്ദർശിക്കുകയും വിവിധ കലാരൂപങ്ങളുടെ നിർമിതി സംബന്ധിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.
വിവിധങ്ങളായ മരങ്ങളുടെ കൊമ്പുകൾ, ചില്ലകൾ എന്നീ പാഴ് വസ്തുക്കൾ എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ കലാസൃഷ്ടികളും ബോൺസായ് വൃക്ഷങ്ങളുമാണ് സ്റ്റാളിൽ അലങ്കരിച്ചിരുന്നത്. കൂടാതെ കലാ-കരകൗശല നിർമ്മിതികളായ കോർണർ സ്റ്റാൻ്റ്, വുഡൻ ലൈറ്റ്, വുഡൻ ക്ലോക്ക്, കൺസോൾ ടേബിൾ, കോഫി ടേബിൾ, ഡൈനിങ്ങ് ടേബിൾ, ബോൺസായ് പ്ലാൻ്റ്, പെയിൻ്റിങ്ങ് എന്നിവയും 'ഉബൈദ് ക്രാഫ്റ്റ്' സ്റ്റാളിൽ പ്രദർശ്ശിപ്പിച്ചിരുന്നു. രാഷ്ട്രപതിക്ക് പുറമേ കേന്ദ്രമന്ത്രിമാർ, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, കേരള കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് എന്നിവരും സ്റ്റാൾ സന്ദർശിച്ചു. രാഷ്ട്രപതി ഭവനിൽ നടത്തിയ പ്രദർശനം വലിയ അനുഭമായെന്നും അത് തനിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ പ്രചോദനമായതായും ഉബൈദ് പറയുന്നു. വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ഗവ.കോളേജിന് സമീപം സാനഡു എന്ന പേരിൽ ഫോട്ടോ സ്‌റ്റുഡിയോ ആരംഭിക്കുകയും, പിന്നീട് പാലക്കാട് ജില്ലയിൽ തന്നെ ആദ്യമായി സാനഡു ന്യൂസ് എന്ന പേരിൽ പട്ടാമ്പിയിൽ പ്രദേശിക ചാനൽ ആരംഭിക്കുകയും പിന്നീട് ആത്മീയതയിലേക്ക് കടന്നുപോകുകയും ചെയ്ത അദ്ദേഹം അടുത്തിടെയാണ് വീണ്ടും കലാരംഗത്തേക്ക് കടന്നുവരുന്നത്. ഉബൈദിൻ്റെ മകൻ സനൂദ് ഉബൈദും ഡൽഹിയിൽ ഉണ്ടായിരുന്നു.