മുതുതല കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം മെയ് 18 ന്
പട്ടാമ്പി ⚫ മുതുതല കുടുംബാരോഗ്യകേന്ദ്രം മെയ് 18 ന് രാവിലെ 9.30 ന് മന്ത്രി വീണാ ജോർജ്ജ് നാടിന് സമർപ്പിക്കും. 1996-97 വര്‍ഷം മുതൽ പ്രവര്‍ത്തനം തുടങ്ങിയ ആരോഗ്യകേന്ദ്രം വർഷങ്ങളായി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. സ്ഥല പരിമിതി നേരിട്ടിരുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം സ്ഥലവും, കെട്ടിടവും വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുതുതല പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേത്യത്വത്തിൽ മാറിമാറി വന്ന ഭരണ സമിതികൾ തുടർച്ചയായി നടത്തിവന്ന ഇടപെടലുകളുടെ പൂർത്തീകരണം കൂടിയാണ് മുതുതലയിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന കുടുംബാരോഗ്യ കേന്ദ്രം. മുതുതല അണ്ണേകോട്ടില് പരേതനായ ഗോപാലന് നമ്പ്യാരുടെ ഭാര്യ ഭാര്‍ഗ്ഗവി പെരുമ്പ്രനേശ്ശ്യാര് സൗജന്യമായി നൽകിയ 25 സെന്റ് സ്ഥലത്താണ് ഇപ്പോൾ കുടുംബാരോഗ്യം നിർമ്മിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ 2021-22 ബജറ്റില്‍ പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിച്ചത്. 2022 നവംബറിലായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം. പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗമാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചുമതല നിർവ്വഹിച്ചത്.
8,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒ പി രജിസ്ട്രേഷൻ, പരിശോധന മുറികൾ (രണ്ട് മുറികൾ ), വെയ്റ്റിംഗ് ഏരിയ, ഫാർമസി (ശീതീകരിച്ചത് ), ഫാർമസി സ്റ്റോർ റൂം, നിരീക്ഷണ വാർഡ്, ഇൻജെക്ഷൻ റൂം, ഡ്രസ്സിങ് റൂം, ഐസൊലേഷൻ റൂം, ശുചിമുറികൾ, ഒന്നാമത്തെ നിലയിൽ ഓഫീസ്, മെഡിക്കൽ ഓഫീസർ കാബിൻ, കോൺഫറൻസ് ഹാൾ, വാക്സിനേഷൻ റൂം, പാലിയേറ്റീവ് റൂം, ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസ്, നഴ്സസ്സ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഡ്രസ്സിങ് റൂം, വാഷ് ഏരിയ എന്നിവയാണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. രണ്ടു തവണ ആർദ്രം പുരസ്കാരം ലഭിച്ച മുതുതല കുടുംബാആരോഗ്യ കേന്ദ്രത്തെ 2018 ൽ സംസ്ഥാന സർക്കാർ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയത്. എന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ടിരുന്ന സ്ഥല പരിമിതികള്‍ മൂലം പദ്ധതികളെ പൂര്ണ്ണാവസ്ഥയില് എത്തിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ സ്വന്തമായ കെട്ടിടമാകുന്നതോടെ മുതുതല പഞ്ചായത്തിലെ ആരോഗ്യമേഖലക്ക് കൂടുതൽ കരുത്തു പകരും.
ഉദ്ഘാടനത്തിന്റെ ഒരുക്കങ്ങൾക്കായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി. മുകേഷ് അധ്യക്ഷനായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ പി.എം ഉഷ, ബുഷറ സമദ്, എം. സുബൈദ, പഞ്ചായത്തംഗം സി.പി വനജ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം നീലകണ്ഠൻ, എം. ശങ്കരൻ കുട്ടി, പി. ഷൺമുഖൻ, മെഡിക്കൽ ഓഫീസർ ഡോ. എ. അഷറഫ്, പി.സി വാസു, ടി.വി മമ്മു, സി രവീന്ദ്രൻ, എം.പി അബ്ദു, അസിസ്റ്റന്റ് സെക്രട്ടറി എച്ച്.കെ സുനിൽ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എ. ആനന്ദവല്ലി (ചെയർപേഴ്സൺ), സെക്രട്ടറി സി.പി. സുരേഷ് കുമാർ (കൺവീനർ)