എരിഞ്ഞടങ്ങാത്ത ജീവിതങ്ങൾ

ഇത് ഒരു വാർത്തയല്ല, പരിചയമില്ലാത്ത ആരോ എഫ്ബിയിൽ പങ്കു വെച്ചതാണ്. ഹൃദയസ്പർശിയായ എഴുത്ത് അനുഭവ സാക്ഷ്യം തന്നെയെന്ന് വ്യക്തം. നാം കണ്ടതും അനുഭവിച്ചതുമൊന്നുമല്ല ജീവിതമെന്ന അടയാളപ്പെടുത്തൽ വാക്കുകളിൽ ജ്വലിക്കുന്നു. വ്യത്യസ്ഥവും, സംഭവ ബഹുലവുമാണെന്ന് കലൽ വഴികളിലൂടെ പോരാടി ജീവിക്കുന്നവരുടെ അനുഭവ രേഖയാണ് നാം കാണാത്ത, അറിയാത്ത ഇത്തരം ജീവിതങ്ങൾ.
താജ്മഹലിനു ചുറ്റും ശയനപ്രദക്ഷിണം നടത്തുന്ന ടൈം... അല്പം കനത്തിൽ എന്തേലും കഴിച്ചേ പറ്റൂ... അപ്പോഴാണ് കൂട്ടത്തിലെ ഷൈലോക്ക് പറയുന്നത് "നമ്മക്ക് ഷീറോസിൽ പോവാം... അവിടെ ബില്ല് ഇല്ലെന്നാ പറയുന്നേ... എന്തു വേണേലും കഴിച്ചിട്ട്, നമ്മൾക്ക് തോന്നുന്ന പൈസ കൊടുത്താൽ മതി... കുറച്ച് പെണ്ണുങ്ങൾ ചേർന്ന് നടത്തുന്ന റെസ്റ്റൊറന്റ് ആണ്. "അഹങ്കാരമല്ലേ അത്... ഞങ്ങളെ പോലുള്ളവർക്കുള്ള പരസ്യമായ വെല്ലുവിളി... "വണ്ടിയെടുക്ക്... പോവാം... തിന്നു മുടിപ്പിക്കണം... ഏതായാലും കുറച്ച് ദിവസം കൊണ്ട് തന്നെ ഇത് പൂട്ടിപ്പോവും നമ്മളെ പോലെ മിനിമം ഏഴു പേര് വേറേം കാണുമെന്നാണല്ലോ... അപ്പൊ തന്നെ ഏഴ് മൂന്ന് ഇരുപത്തിയൊന്ന് പേർ... അത്രേം പേർ തിന്ന് മുടിപ്പിച്ചാൽ തീരുന്ന അഹങ്കാരേ അവർക്ക് ഇപ്പൊ കാണൂ..." ആഗ്രാ നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഷീറോസിലേക്ക് ഞങ്ങൾ കുതിച്ചു... ഞങ്ങൾ മനസ്സിൽ പറഞ്ഞൂ... "ഷീറോസ്സേ നീ തീർന്നെഡാ" മനോഹരമായ ചായക്കൂട്ടുകൾ കൊണ്ട് മനോഹരമാക്കിയ ചുവരുകളോട് കൂടിയ ഒരു ഇരുനില ബിൽഡിംഗ്... "ബ്രോ നോക്ക്യേ... ഫ്രീ വൈഫൈയും.. ഇവർക്ക് പ്രാന്താണാ?" താഴത്തെ നിലയിൽ കുറേ ഫോറിനേഴ്സ് മാത്രം... വെളിയിൽ തന്നെയുള്ള സ്റ്റെയർ കേസിലൂടെ ഞങ്ങൾ നേരെ മുകളിലേക്ക് കയറി... മുകളിൽ ഒരു ടേബിളിന് ചുറ്റും ഞങ്ങളിരുന്നു... മെനു കാർഡിലൊന്നും റേറ്റ് കൊടു ത്തി ട്ടില്ല... ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു... "സർ വാട്ട് വുഡ് യൂ ലൈക് ടു ഹേവ് " കിളിമൊഴി കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി... ഉരുകിയ കവിളും ചുണ്ടുകളും കഴുത്തുമൊക്കെയായി ഒരു പെൺകുട്ടി... ഞങ്ങളുടെ മുഖത്തെ ഭാവ വ്യത്യാസം അവളുടെ മുഖത്ത് ഒരു മാറ്റവും വരുത്തിയില്ല... പൊള്ളിപ്പോയ അവളുടെ മുഖത്ത് ഭാവങ്ങളൊന്നും വ്യക്തമല്ലെങ്കിലും അവൾ പുഞ്ചിരിച്ചാണ് നിൽകുന്നതെന്ന് ഞങ്ങൾക്കുറപ്പാണ്... ഞങ്ങൾ ഒന്നും മിണ്ടിയില്ല... അവൾ അകത്തേക്ക് പോയി...
ഞങ്ങൾ റെസ്റ്റോറെന്റിന്റെ പേരിനു താഴെയുള്ള ടാഗ് ലൈൻ വായിച്ചു.. "The cafe run by acid attack survivers" വിശപ്പും ദാഹവുമെല്ലാ അപ്പോഴേക്ക് പോയിരുന്നു.. ഞങ്ങൾ മൂന്ന് കോൾഡ് കോഫിയും പക്കോഡയും മാത്രം ഒാഡർ ചെയ്തു.. ഇവർ ഇരകളല്ല ഫൈറ്റേർസ് ആണ് ... ആരുടേയോ ക്രൂര വിനോദം ഇവരുടെ സ്വപ്നങ്ങൾക്ക് മേലെ ആസിഡ് തെറിപ്പിച്ചപ്പോൾ, ആസിഡിനേക്കാൾ വീര്യമുള്ള മനസ്സുമായി, പൊള്ളിപ്പോയ മുഖത്തേക്കാൾ ചുട്ടു പൊള്ളുന്ന ഹൃദയവുമായി ജീവിതത്തോട് പടപൊരുതുന്നവർ... കോഫി കുടിച്ച് ഞങ്ങൾ റെസ്റ്റോറെന്റിന്റെ താഴെ നിലയിൽ കയറി... അഞ്ചോളം ആസിഡ് ആക്രമണത്തിനിരയായ പെൺ കുട്ടികൾ അവിടെ ജോലിയിൽ വ്യപൃതരായിരിക്കുന്നുണ്ട്... താഴത്തെ നിലയിൽ ഒരു ചുവരിൽ ആത്മ വിശ്വാസം തുളുമ്പുന്ന ദുപ്പട്ടകൊണ്ട് മറക്കാത്ത അവരുടെ ഒരോരുത്തരുടേയും ചിത്രങ്ങൾ... മറുവശത്ത് ഷെൽഫിൽ മുഴുവൻ പുസ്തകങ്ങൾ... കൂടുതലും ഫെമിനിസ്റ്റ് ആശയങ്ങളുൾക്കൊള്ളുന്നവ... ഒരു ടൂറിസ്റ്റ് ഗൈഡ് അവിടെ നിറകണ്ണുകളുമായി നിശ്ശബ്ദരായി കൂടിയിരിക്കുന്ന ഫോറിനേർസിനോടായി അവരുടെ ജീവിത കഥകൾ വിവരിക്കുന്നു... പതിനാലാം വയസ്സിൽ രണ്ടാനമ്മയിൽ നിന്ന് ആസിഡാക്രമണം നേരിട്ട രൂപ... അഞ്ചുമക്കളിൽ ഇളയവളായ റിതുവിന് സ്വത്തുതർക്കത്തിനിടെ സഹോദരങ്ങളിൽ നിന്നാണ് ആക്രമണമുണ്ടായത്... രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിൽ ഭർത്താവ് ആസിഡുകൊണ്ട് ആക്രമിച്ചപ്പോൾ സ്വന്തം കുഞ്ഞും കൈയ്യിൽ കിടന്ന് ആസിഡിൽ പൊള്ളി മരിച്ചത് ഇന്നും വിശ്വസിക്കാനാകാതെ ഗീത... പ്രണായാഭ്യർത്ഥന നിഷേധിച്ചതിന് ആക്രമിക്കപ്പെട്ടവർ... കഥകൾ അങ്ങനെ തുടരുകയാണ്... ഞങ്ങൾ വെളിയിലിറങ്ങി... മനസ്സിലെന്തോ അസ്വസ്ഥത... തൊണ്ട വരണ്ടിരിക്കുന്നു... നെഞ്ചിലെന്തോ ഭാരം പോലെ... ഡോറിനു വെളിയിൽ ഒരു പെൺകുട്ടി ഇരുന്നിട്ടുണ്ട്... പതറിയ ശബ്ദത്തിൽ ഞാൻ അവളോട് ചോദിച്ചു "കിതനാ?" ഉടനെ മറുപടി കിട്ടി.. "ജേസാ ആപ് ചാഹേ"... ഞങ്ങൾ മൂവരും പേഴ്സിൽ ബാക്കിയുണ്ടായിരുന്ന നൂറു രൂപാ നോട്ടുകൾ അവൾക്ക് കൊടുത്തു... തിരിച്ചുള്ള വഴിയിൽ ഞങ്ങൾ നിശ്ശബ്ദരായിരുന്നു... മനസ്സിൽ മുഴുവൻ അവരായി രുന്നു... വിധി തങ്ങളെ തോൽപിക്കാനിറങ്ങിയപ്പോൾ വിധിയെ തോൽപിക്കാനിറങ്ങിയവർ... ബാഹ്യസൗന്ദര്യം നിമിഷ നേരത്തേക്ക് മാത്രമെന്ന് വിളിച്ച് പറയുന്നവർ.. Sheroes Hangout, Agra. കടപ്പാട്