അന്താരാഷ്ട്ര വനിതാ ദിനം: വനിതാദിന റാലി, കലാ- സാംസ്‌കരിക പരിപാടികള്‍
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ കൊല്ലങ്കോട് വാസുദേവ മെമ്മോറിയല്‍ ഹാളില്‍ നിന്നും സെങ്കുന്തര്‍ ഓഡിറ്റോറിയം വരെ സംഘടിപ്പിക്കുന്ന വനിതാദിന റാലി മാര്‍ച്ച് എട്ടായ ഇന്ന് രാവിലെ 9.30ന് ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക ഫ്‌ളാഗ് ഓഫ് ചെയ്യും. ഐ.സി.ഡി.എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കാര്‍ഷിക സംഘടനാ വനിതാ പ്രതിനിധികള്‍, ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് റാലിയില്‍ പങ്കെടുക്കുന്നത്. തുടര്‍ന്ന് 10.30ന് സെങ്കുന്തര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കലാ- സാംസ്‌കാരിക പരിപാടി കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രദേശവാസികളായ വനിതകള്‍ ജില്ലാ കളക്ടര്‍ക്കൊപ്പം സെക്കന്റ് ഷോ കാണും.
വനിതാ ദിനത്തോടനുബന്ധിച്ച് കൊല്ലങ്കോട്ടെ 150ഓളം വനിതകള്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയ്‌ക്കൊപ്പം സെക്കന്റ് ഷോ കാണും. കൊല്ലങ്കോട് തങ്കരാജ് തീയേറ്ററിലാണ് രാത്രി ഒന്‍പതിന് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' സിനിമ ജില്ലാ കളക്ടര്‍ക്കൊപ്പം കാണുക. അങ്കണവാടി - ഐ.സി.ഡി.എസ് തലത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് സിനിമ കാണുന്നതിനുള്ള അവസരം. ഇവര്‍ക്ക് നേരത്തെ ടോക്കണ്‍ നല്‍കിയിരുന്നു. ഇതോടൊപ്പം അഗളി, ആലത്തൂര്‍, എരിമയൂര്‍, കാവശ്ശേരി,തരൂര്‍, വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, തേങ്കുറുശ്ശി, പെരിങ്ങോട്ടു കുറുശ്ശി, കുത്തന്നൂര്‍, മാത്തൂര്‍, കോട്ടായി, നെന്മാറ, വാണിയംകുളം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലും മണ്ണാര്‍ക്കാട്, പാലക്കാട് നഗരസഭകളിലും അതത് ഐ.സി.ഡി.എസുകളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സിനിമകള്‍ പ്രദര്‍ശിപ്പിക്കും.