അന്താരാഷ്ട്ര മഹിളാ ദിനം ആചരിച്ചു
പട്ടാമ്പി ⚫ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പട്ടാമ്പി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമുണ്ടയിൽ അന്താരാഷ്ട്ര മഹിളാ ദിനം ആചരിച്ചു. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. സി.പി. ചിത്ര ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എസ്. മിനി അധ്യക്ഷയായി.
തടവ് എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബീന.ആർ.ചന്ദ്രൻ, ചിത്രത്തിലെ അഭിനേത്രിയായ എം.എൻ. അനിത, അധ്യാപകലോകം പുരസ്കാരം ലഭിച്ച എഴുത്തുകാരി സുധ. തെക്കേ മഠം, സംസ്ഥാന മഹാത്മ അയ്യങ്കാളി പുരസ്കാരം ലഭിച്ച പട്ടാമ്പി നഗരസഭയുടെ ചെയർപേഴ്സൺ ഒ. ലക്ഷ്മികുട്ടി, മുതുതലയിലെ ശ്രീലയം പഞ്ചാരി മേളം വനിതാ ടീം അംഗങ്ങൾ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
എ.ഐ.ഡി.ഡബ്ല്യു.എ. ഏരിയാ സെക്രട്ടറി ഇ.ഡി. ശ്രീജ, ജില്ലാ കമ്മിറ്റി അംഗം എം.കെ. സുമതി, മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, സി.പി.ഐ. എം പെരുമുടിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എം. ഉഷ, എം.സുലോചന എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവാതിരക്കളി ഒപ്പന, കൈകൊട്ടിക്കളി, പ്രച്ഛന്നവേഷം, കവിതാലാപനം, നാടൻ പാട്ട്, നാടൻപാട്ട് കളി, ചവിട്ടുകളി എന്നിവയുണ്ടായി.