എലവഞ്ചേരി ഗ്രാമപഞ്ചായത്തിൽ ട്രോളികളും, ബോട്ടില്‍ ബൂത്തുകളും വിതരണം ചെയ്തു
എലവഞ്ചേരി ⚫ മാലിന്യമുക്തം നവകേരളം കാംപെയ്നിന്റെ ഭാഗമായി ട്രോളികളും, ബോട്ടില്‍ ബൂത്തുകളും വിതരണം ചെയ്ത് എലവഞ്ചേരി ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2024- 2025 സാമ്പത്തിക വര്‍ഷത്തില്‍ നാലര ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലേക്കായി 14 ട്രോളികളും എട്ട് വാര്‍ഡുകളിലേക്കായി എട്ട് ബോട്ടില്‍ ബൂത്തുകളുമാണ് വിതരണം ചെയ്തത്. ബോട്ടില്‍ ബൂത്തുകള്‍ പൊതുയിട ങ്ങളിലാണ് സ്ഥാപിക്കുക. അതോടൊപ്പം ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രാഥമികാരോഗ്യ കേന്ദ്രം, മൃഗാശുപത്രി, വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളി ലേക്കും ഹരിത ടൗണുകളായ പനങ്ങാട്ടിരി, കരിങ്കുളം, തട്ടേക്കാട് എന്നിവിടങ്ങളിലേക്കുള്ള ബിന്നുകളും ഉടന്‍ വിതരണം ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
വീടുകളിലേക്കുള്ള ബിന്നുകള്‍ക്കായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് കെ. സുപ്രിയ അധ്യക്ഷയായി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കുട്ടികൃഷ്ണന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശിവദാസന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.