logo

പട്ടാമ്പി നഗരസഭ കൃഷിഭവൻ 'കൃഷിപാഠശാല' പദ്ധതി തുടങ്ങി

പട്ടാമ്പി⚫ആത്മ (ATMA) പദ്ധതിയുടെ ഭാഗമായി പട്ടാമ്പി നഗരസഭാ കൃഷിഭവൻ സംഘടിപ്പിക്കുന്ന കാർഷിക വിജ്ഞാന വ്യാപന പരിപാടിയായ കൃഷിപാഠശാല പദ്ധതിക്ക് കൊടലൂർ പാടശേഖരത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ ടി.പി. ഷാജി നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അംഗം സഫീദ കെ. അധ്യക്ഷയായി. നഗരസഭാ കൗൺസിലർമാരായ പി. സാദിഖ്, കെ.സി. സൂര്യ എന്നിവർ സംസാരിച്ചു. ​പരമ്പരാഗതമായ ക്ലാസ്സ് മുറി പഠനങ്ങൾക്ക് പകരം, കർഷകരുടെ സ്വന്തം കൃഷിയിടം തന്നെ വിദ്യാലയമാക്കി മാറ്റി അവിടെവെച്ച് നേരിട്ട് പരിശീലനം നൽകുക എന്നതാണ് പുതിയ പദ്ധതിയുടെ സവിശേഷത. ശാസ്ത്രീയമായ കൃഷിരീതികളും ആധുനിക സാങ്കേതിക വിദ്യകളും കർഷകരിലേക്ക് നേരിട്ട് എത്തിക്കുക, കൃഷിയിലെ പ്രശ്നങ്ങൾ സ്വയം കണ്ടെത്താനും അവയ്ക്ക് പരിഹാരം കാണാനും കർഷകരെ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൃഷി ഓഫീസർ ടി.കെ. സീനത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ആർ.എ.ആർ.എസ് കാർഷിക ശാസ്ത്രജ്ഞൻ മൂസ കർഷകർക്ക് ക്ലാസ്സെടുത്തു. ഒരു പ്രദേശത്തെ 25 കർഷകരെ ഉൾപ്പെടുത്തി ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് 'ഫാം ഫീൽഡ് സ്കൂൾ' രൂപീകരിച്ചിരിക്കുന്നത്. ​കൃഷിഭവനിലെ കൃഷി ഓഫീസർമാർ, മറ്റ് കാർഷിക വിദഗ്ദ്ധർ എന്നിവർ നേതൃത്വം നൽക്കുന്ന പദ്ധതി കർഷകരുടെ പാടത്തോ തോട്ടത്തോ വെച്ചാണ് ക്ലാസ്സുകൾ നടക്കുക. ഒരു വിളയുടെ വിത്തുപാകൽ മുതൽ വിളവെടുപ്പ് വരെയുള്ള വിവിധ ഘട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ തുടർച്ചയായ പരിശീലനം കർഷകർക്ക് ലഭിക്കും. ​രാസകീടനാശിനികളുടെ ഉപയോഗം കുറച്ച് പ്രകൃതി സൗഹൃദ മാർഗ്ഗങ്ങളിലൂടെ കീടങ്ങളെയും രോഗങ്ങളെയും നിയന്ത്രിക്കുന്ന സംയോജിത കീടരോഗ നിയന്ത്രണം (IPM), മണ്ണിന്റെ ഗുണനിലവാരം പരിശോധന, ശരിയായ അളവിലുള്ള ജൈവ-രാസ വള പ്രയോഗം, ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുള്ള മികച്ച കാർഷിക മുറകൾ (GAP), കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതികൾ എന്നിവയെല്ലാം ഈ ക്ലാസ്സുകളിലൂടെ കർഷകർക്ക് പരിചയപ്പെടുത്തും.

പുസ്തക അറിവുകളേക്കാൾ നേരിട്ട് കണ്ട് ബോധ്യപ്പെടുന്നതിനാൽ കർഷകർക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുമെന്നതും, കർഷകർക്ക് പരസ്പരം അനുഭവങ്ങൾ പങ്കുവെക്കാനാകുമെന്നതും പദ്ധതിയെ വ്യത്യസ്തമാക്കുന്നു. കൃഷിച്ചെലവ് കുറയ്ക്കാനും ഉൽപ്പാദനക്ഷമത കൂട്ടി ലാഭം വർദ്ധിപ്പിക്കാനും ഈ പദ്ധതി കർഷകരെ സഹായിക്കും. ​ചടങ്ങിൽ പാടശേഖര സമിതി സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, കൃഷി ഉദ്യോഗസ്ഥരായ സംഗീത, ആൻസി, രമ്യ, പാടശേഖര സമിതി ഭാരവാഹികൾ, പ്രദേശത്തെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.


latest News