logo

കേരള കർഷകസംഘം പട്ടാമ്പി ഏരിയ സമ്മേളനം

പട്ടാമ്പി⚫കാർഷിക പ്രാധാന്യമുള്ള പ്രദേശമാണ് പട്ടാമ്പി. രണ്ടു പുഴകളുടെ ജലസമൃദ്ധിയും സ്വാതന്ത്ര്യ പൂർവകാലത്ത് സ്ഥാപിതമായ കാർഷിക ഗവേഷണത കേന്ദ്രത്തിന്റെ സാന്നിധ്യവും പട്ടാമ്പിയെ വ്യത്യസ്ഥമാക്കുന്നു. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന വിവിധ പദ്ധതികൾ ഉണ്ടെങ്കിലും കർഷികരംഗത്ത് സാധ്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്നില്ല. പട്ടാമ്പിയുടെ മുഴുവൻ പ്രദേശങ്ങളിലേക്കും ജലസേചനം ലഭ്യമാക്കാൻ ഉതകുന്ന പുതിയ കാലത്തിന്റെതായുള്ള ആധുനിക ശാസ്ത്രീയ കാർഷിക രീതികളെ പ്രയോഗിക്കുന്നതിനും വിളനാശം സംഭവിക്കുമ്പോൾ ഇൻഷുറൻസ് അടക്കമുള്ള നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കാനും കാർഷിക ഉത്പന്നങ്ങളെ സംഭരിച്ച് യഥാസമയം വില ലഭിക്കുമെന്ന് ഉറപ്പാക്കി പട്ടാമ്പി മണ്ഡലത്തിനാകെ ഗുണകരമാകുന്ന സമഗ്ര കാർഷിക വികസന പദ്ധതി നടപ്പിലാക്കണം എന്ന് കേരള കർഷക സംഘം പട്ടാമ്പി ഏരിയ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. കെ കൃഷ്ണൻ കുട്ടി - എം വിശ്വനാഥൻ - ടി ഗോപമാസ്റ്റർ എന്നിവരുടെ നാമദേയത്തിൽ ഒരുക്കിയ നഗറിൽ (ചിത്ര കല്യാണ മണ്ഡപം) ഏരിയ പ്രസിഡന്റ് പി. വിജയകുമാർ പതാക ഉയർത്തി. സംഘാടക സമിതി വൈസ് ചെയർമാൻ എം. ശങ്കരൻ കുട്ടി സ്വാഗതം പറഞ്ഞു. എൻ. രാജൻ രക്തസാക്ഷി പ്രമേയവും പി.എം. വാസുദേവൻ മാസ്റ്റർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ല സെക്രട്ടറി എം.ആർ. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി. വിജയകുമാർ കൺവീനറും സി.എം. നീലകണ്ഠൻ, എം.പി. വിജയകുമാർ, എം.എസ്. ബഷീർ, വി. ശ്രീവീണ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി യു. അജയകുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ കെ. മുരളി വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി. ഗോപാലകൃഷ്ണൻ, കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, ശോഭന രാജേന്ദ്ര പ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി. വിജയകുമാർ (പ്രസിഡന്റ്), കെ.വി. ഗംഗാധരൻ, എം.പി. വിജയകുമാർ, ടി. ഗോപാലകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), യു. അജയകുമാർ (സെക്രട്ടറി), ടി. മധു, കെ.ടി. പുഷ്പലത, പി.വി. രതീഷ് (ജോയന്റ് സെകട്ടറിമാർ ), കെ. മുരളി (ട്രഷറർ). വി.പി. ഹരിനാരായണൻ, കെ.എം. വാസുദേവൻ, എൻ. രാമകൃഷ്ണൻ, പി. സുമിത, എം. ശ്രീനിവാസൻ (എക്സിക്യൂവ് അംഗങ്ങൾ). സമ്മേളനത്തിന്റെ ഭാഗമായി കർഷകസംഘം ഏരിയ കമ്മിറ്റി ശങ്കരമംഗലം ശിവക്ഷേത്ര ഓഡിറ്റോറിയത്തിൽ ജൂലൈ 13 ന് കാർഷക സെമിനാർ സംഘടിപ്പിക്കും. വൈകീട്ട് 4 ന് "കൃഷി-ജീവനം- സംസ്കാരം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ പ്രഭാഷകൻ വി കെ സുരേഷ് ബാബു കൂത്തുപറമ്പ് വിഷയാവതരണം നടത്തും.


latest News