30 വർഷം 115 പുസ്തകങ്ങൾ അനീഷ്.@47
ചാലിശ്ശേരി⚫അടയാളപ്പെടുത്തലാകണം ജീവിതം. ജന്മദിനത്തിൽ പുതിയ മാതൃകയാവുകയാണ് ചാലിശേരി പെരുമണ്ണൂർ സ്വദേശി പയ്യട വീട്ടിൽ പി. അനീഷ്. തന്റെ ജീവിതത്തിൽ വിവിധഘട്ടങ്ങളിലായി സമാഹരിച്ച പുസ്തകങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 115-ഓളം വരുന്ന പുസ്‌തകങ്ങൾ പിറന്നാൾ ദിനത്തിൽ പെരുമണ്ണൂർ ഇ.പി.എൻ. എൻ.എം.എം. ചൈതന്യ വായന ശാലയ്ക്ക് കൈമാറി സമൂഹത്തിന് മാതൃകയായി അനീഷ്. ഏകദേശം കാൽലക്ഷംരൂപ വിലമതിക്കുന്ന പുസ്തകങ്ങളിൽ നോവൽ, കഥ, കവിത, ലേഖനങ്ങൾ, നാടകങ്ങൾ, ചരിത്രപഠനങ്ങൾ എന്നിവ ഉൾപ്പെടുന്നു. തന്റെ 47 -ാം പിറന്നാൾ ദിനത്തെ പുസ്തക കൈമാറ്റത്തിനായി തെരഞ്ഞെടുത്തതിനു പുറകിലും ചില കാരണങ്ങളുണ്ട്. ചെറുപ്പം മുതൽ പുസ്തകങ്ങൾ വായച്ചു തുടങ്ങിയത് ഇതേ വായനശാലയിൽ നിന്നാണ്. വായനശാലയുമായി നീണ്ട 30 വർഷത്തെ ആത്മബന്ധമുണ്ട് അനീഷിന്. ഇവിടെ മൂന്ന് വർഷം ലൈബ്രേറിയനായി പ്രവർത്തിച്ചു. കഴിഞ്ഞ 25 വർഷത്തിലേറെയായി വായനശാല എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ജോയിൻ്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, തുടങ്ങി വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ വായനശാല ട്രഷററാണ്.
അറിവിന്റെ വാതായനങ്ങൾ തുറന്നു തന്ന അക്ഷര വെളിച്ചത്തോട് പ്രിയപ്പെട്ട വായനശാലയോട് തനിക്കുള്ള ആത്മസമർപ്പണം കൂടിയാണ് പിറന്നാൾ ദിനത്തിൽ നടത്തിയ ഈ പുസ്തക കൈമാറ്റത്തിലൂടെ അനീഷ് മുന്നോട്ടു വെക്കുന്ന സന്ദേശം. അതെ ഇത്രമേൽ ഇഴയടുപ്പമുള്ള വായനശാലയിലേക്ക് തന്റെതായ ഒരു അടയാളത്തെടുത്തൽ. പെരുമണ്ണൂരിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനും സിപിഐ എം ചൗച്ചേരി ബ്രാഞ്ച് സെക്രട്ടറിയും ചാലിശ്ശേരി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനുമാണ് പി. അനീഷ്.
പെരുമണ്ണൂർ പയ്യട കേശവൻ അടുത്തിടെ അന്തരിച്ച ലക്ഷ്‌മി ദമ്പതികളുടെ മക്കളിൽ രണ്ടാമനാണ് അനീഷ്. ഷബ്നയാണ് ഭാര്യ. വിദ്യാർത്ഥികളായ ജിബിൻ ലാൽ, ജിഷ്‌ണ എന്നിവർ മക്കളും. സതീഷ്, സുനിത, അനിത എന്നിവരാണ് സഹോദരങ്ങൾ. പുസ്‌തകങ്ങൾ വായനശാല പ്രസിഡൻ്റ് ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ ഏറ്റുവാങ്ങി. ചടങ്ങിൽ സെക്രട്ടറി ഇ.കെ. മണികണ്ഠൻ, പി. ജി. ഹരിദാസ്, സജി, അപ്പുണ്ണി എന്നിവർ പങ്കെടുത്തു.
