ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ
തിരുവനന്തപുരം⚫രാജ്യത്ത് സബ്സിഡിയോടുകൂടിയ രാസവളങ്ങളുടെ വിതരണം കൂടുതൽ സുതാര്യവും കാര്യക്ഷമവും കർഷകസൗഹൃദവും ആക്കുന്നതിനായി കേന്ദ്ര സർക്കാർ ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (Framework for Fertilizer Sale - FFS) എന്ന പുതിയ ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നു. നിലവിലുള്ള ഇന്റഗ്രേറ്റഡ് ഫെർട്ടിലൈസർ മാനേജ്മെന്റ് സിസ്റ്റം (iFMS)-നൊപ്പം സംയോജിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ കർഷകർക്ക് ആവശ്യമായ വളം മുൻകൂട്ടി അപേക്ഷിച്ച് ഉറപ്പുവരുത്താനും സമയബന്ധിതമായി ലഭ്യമാക്കാനും സാധിക്കും. വിപണിയിൽ വളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള അനിശ്ചിതത്വം ഒഴിവാക്കി ആവശ്യമായ അളവിൽ വളം മുൻകൂട്ടി ലഭ്യമാക്കുന്നതിനുള്ള ആസൂത്രണമാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം. ഇതുവഴി കർഷകർക്ക് ആവശ്യമായ സമയത്ത് സബ്സിഡി വളം ലഭ്യമാക്കുന്നതിനുള്ള സംവിധാനം കൂടുതൽ ശക്തിപ്പെടുകയും ചെയ്യും. അഗ്രിസ്റ്റാക്കിൽ രജിസ്റ്റർ ചെയ്ത കർഷകർ, അഗ്രിസ്റ്റാക്ക് രജിസ്റ്റർ ചെയ്യാത്ത എന്നാൽ ഭൂമി വിവരങ്ങൾ സംബന്ധിച്ച രേഖകൾ കൈവശമുള്ള കർഷകർ, പാട്ടക്കർഷകർ, സർക്കാർ, ക്ഷേത്രം, കമ്മ്യൂണിറ്റി ഭൂമികൾ കൃഷി ചെയ്യുന്നവർ ഉൾപ്പെടെ നിയമാനുസൃതമായി കൃഷി ചെയ്യുന്ന എല്ലാവർക്കും പുതിയ സംവിധാനത്തിലൂടെ സബ്സിഡി വളം ലഭ്യമാകും. രേഖകളുടെ അഭാവം മൂലം യഥാർത്ഥ കർഷകർക്ക് വളം നിഷേധിക്കപ്പെടില്ലെന്നതാണ് സംവിധാനത്തിന്റെ അടിസ്ഥാന തത്വം. മൊബൈൽ ആപ്പ്, വെബ് പോർട്ടൽ എന്നിവ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെന്ററുകൾ (CSC), പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ (PACS), സഹകരണ സ്ഥാപനങ്ങൾ, വളവിൽപ്പന കേന്ദ്രങ്ങൾ, കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെയോ അപേക്ഷ സമർപ്പിക്കാം.
ആധാർ അധിഷ്ഠിത ഇ-കെവൈസി പൂർത്തിയാക്കിയ ശേഷം ഭൂവിസ്തൃതിയും കൃഷിചെയ്യുന്ന വിളയും അടിസ്ഥാനമാക്കി സംവിധാനത്തിൽ ശുപാർശ ചെയ്യുന്ന വളത്തിന്റെ അളവ് ലഭ്യമാകും. ആവശ്യാനുസരണം അതിൽ മാറ്റം വരുത്തുന്നതിനും സൗകര്യമുണ്ട്. അപേക്ഷ അംഗീകരിച്ചാൽ സ്റ്റോക്ക് ലഭ്യമായ വളവിൽപ്പന കേന്ദ്രങ്ങളുടെ പട്ടിക കർഷകന് ലഭിക്കും. അതിൽ നിന്ന് സൗകര്യപ്രദമായ കട തിരഞ്ഞെടുക്കാം. തുടർന്ന് ലഭിക്കുന്ന ക്യു.ആർ. കോഡോ ടോക്കൺ നമ്പറോ ഉപയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ തിരഞ്ഞെടുത്ത കടയിൽ നിന്ന് സബ്സിഡി വളം കൈപ്പറ്റാനാകും. മുഴുവൻ അളവും ഒരുമിച്ച് വാങ്ങണമെന്ന നിർബന്ധമില്ല. ഭാഗികമായി വാങ്ങിയാലും ശേഷിക്കുന്ന അളവ് കർഷകന്റെ ക്വോട്ടയിൽ നിലനിൽക്കും. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും മറ്റ് അസൗകര്യങ്ങൾ നേരിടുന്ന കർഷകർക്കുമായി പ്രതിനിധിയെ നിയോഗിച്ച് വളം കൈപ്പറ്റുന്നതിനുള്ള സൗകര്യവും സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന കർഷകരുടെ ആകെ വാങ്ങൽ ദേശീയ പരിധിക്കുള്ളിലാണെന്ന് ആധാർ അടിസ്ഥാനത്തിലുള്ള പരിശോധനയിലൂടെ ഉറപ്പാക്കുകയും ചെയ്യും. പാട്ടക്കർഷകർ, വനാവകാശ നിയമപ്രകാരമുള്ള പട്ടയഭൂമിയിൽ കൃഷി ചെയ്യുന്നവർ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളവർക്കും അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രത്യേക വ്യവസ്ഥകൾ സംവിധാനത്തിലുണ്ട്. ഒരേ ഭൂമിയെ സംബന്ധിച്ച് ഒന്നിലധികം പേർ അവകാശവാദം ഉന്നയിക്കുന്ന സാഹചര്യങ്ങളിൽ സംസ്ഥാന സർക്കാർ നിശ്ചയിക്കുന്ന അധികാരികൾ തർക്കപരിഹാര നടപടികൾ സ്വീകരിക്കും.
എല്ലാ ഇടപാടുകളും കേന്ദ്രതലത്തിൽ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിനാൽ ജില്ല, സംസ്ഥാനം, കേന്ദ്രം എന്നീ തലങ്ങളിൽ തത്സമയ നിരീക്ഷണത്തിനും വിശകലനത്തിനും സൗകര്യമുണ്ടാകും. ശുപാർശ ചെയ്ത അളവിനേക്കാൾ കൂടുതൽ വളം വാങ്ങുന്ന ഇടപാടുകൾ ഉൾപ്പെടെ പ്രത്യേക സാഹചര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള സംവിധാനവും ഇതിന്റെ ഭാഗമാണ്. യഥാർത്ഥ കർഷകർക്ക് സമയബന്ധിതമായി സബ്സിഡി വളം ലഭ്യമാക്കുന്നതിനൊപ്പം വിതരണ സംവിധാനത്തിലെ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുകയും സബ്സിഡി വളത്തിന്റെ ദുരുപയോഗം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (FFS) സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേരളത്തിൽ ആദ്യഘട്ടത്തിൽ ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുന്നത്.
