പ്രവാചകന്റെ ത്യാഗ സ്മരണകളുമായി ബലിപെരുന്നാൾ ആഘോഷിച്ചു.
പട്ടാമ്പി⚫പ്രവാചകൻ ഇബ്രാഹീമിൻ്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ത്യാഗോജ്ജലമായ ജീവിതത്തെ അനുസ്മരിച്ച് ഇന്ന് മുസ്ലീംമത വിശ്വാസികൾ ബലി പെരുന്നാൾ ആഘോഷിച്ചു. ടൗൺ ഈദ് ഗാഹ് കമ്മറ്റി എം.ഇ.എസ് സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഈദ് ഗാഹിന് അബ്ദുൽ ജലീൽ ആമയൂർ നേതൃത്വം നൽകി. ഭദ്രമായ കുടുംബ സംവിധാനത്തിനും സുരക്ഷിതവും ഐശ്വര്യപൂർണ്ണവുമായ നാടിൻ്റെ അഭിവൃദ്ധിക്കുമായി ഏവരും യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസത്തിൻ്റെ കരുത്താണ് പ്രതി സന്ധികളിൽ ഇബ്രാഹീം പ്രവാചകനെ മുന്നോട്ട് നയിച്ചത്. സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ച് നന്മയുടെ ഭാഗമാവാനും ഈദ് സന്ദേശത്തിൽ അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.
ആമയൂർ കിഴക്കേക്കരയിൽ കെ. ഷെരിഫും, കരിമ്പുള്ളി അറഫ ഈദ് ഗാഹിൽ ഇ.എം അബ്ദുൽ അസീസ് ഫാറൂഖി, കരിങ്ങനാട് സലഫിയ്യ ഗ്രൗണ്ടിൽ എം.മുസ്തഫ സലഫി, നാട്യമംഗലം മലബാർ ഓഡിറ്റോറിയത്തിൽ എ.കെ.എം. ഹദിയത്തുല്ലസലഫി, കൂർക്കപ്പറമ്പ് മസ്ജിദുൽ ഇസ്ലാഹിൽ പി.കെ അബ്ദുള്ള മൗലവി, വിളത്തൂർ സലഫിയിൽ ഷംസുദ്ദീൻ മൗലവി, പള്ളിപ്പുറം സലഫി മസ്ജിദ് സമീപം ഉമർ സലഫി, കരുവാൻപടി ടർഫിൽ കെ.കെ അലി മദനി ആലൂരിൽ അഷ്‌റഫ് മദനി, എന്നിവർ ഈദ് ഗാഹുകൾക്ക് നേതൃത്വം നൽകി. തുടർന്ന് പരസ്പരം മധുരപലഹാര വിതരണവും ആശംസാ കൈമാറ്റങ്ങളും നടത്തിയാണ് ഈദുഗാഹുകൾ അവസാനിച്ചത്.
