പട്ടാമ്പിയിൽ റവന്യൂ ടവറിന് ശിലയിട്ടു
പട്ടാമ്പി ● പട്ടാമ്പി താലൂക്ക് റവന്യൂ ടവർ കെട്ടിടത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. 2016-17 സാമ്പത്തിക വർഷത്തെ പുതുക്കിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ചതാണ് റവന്യൂ ടവർ. പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം മന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിച്ചു. മുഹമ്മദ് മുഹസിൻ എം എൽ എ അധ്യക്ഷനായി, ഫലകം അനാച്ഛാദനം ചെയ്തു. ജില്ല കെ എ എച്ച് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ടി രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ ടിപി ഷാജി, ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി വിജയൻ, നഗരസഭ വൈസ് ചെയർപേഴ്സൺ അസ്ന ഹനീഫ, നഗരസഭ കൗൺസിലർമാരായ സി എസ് സുരേഷ്, കെ മധു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ഗോപാലകൃഷ്ണൻ, എം എൻ കരുണാകരൻ, വ്യാപാര സംഘടനാ ഭാരവാഹികളായ കെ എസ് സുബ്രഹ്മണ്യ സ്വാമി, കെ പി കമാൽ, തഹസിൽദാർ ടി സുജിത്, ഡപ്യൂട്ടി തഹസിൽദാർ പി ആർ മോഹനൻ എന്നിവർ സംസാരിച്ചു.
പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ മത്സ്യ മാർക്കറ്റിനും, നിർമ്മാണം പൂർത്തിയാകുന്ന മുൻസിപ്പൽ ടവറിനും സമീപത്തായി 50.54 സെന്റ് സ്ഥലത്ത് 5 നിലകളിലായി 6,300.44 ചതുരശ്ര മീറ്റർ വിസ്ത്രീർണമുളള താണ് കെട്ടിടം. കിഫ്ബിയിൽ നിന്നും പദ്ധതിക്കായി 36.54 കോടി രൂപയാ ണ് വകയിരുത്തിയിരിക്കുന്നത്. സംസ്ഥാറ ഭവന നിർമ്മാണ ബോർഡിനാണ് പദ്ധതി നിർവ്വഹണ ചുമതല. താഴത്തെ നിലയിൽ കാർ പാർക്കിങ്, ലിഫ്റ്റ് സൗകര്യം ലോബി എരിയ, ടോയ്ലറ്റ്, ഇലക്ട്രിക്കൽ റൂം, ലോട്ടറി ഓഫീസ്, എലക്ഷൻ സെക്ഷൻ ഓഫീസ്, ലീഗൽ മെട്രോളജി ഓഫീസ് എന്നിവയും, ഒന്നാം നിലയിൽ സബ് രജിസ്ട്രാർ ഓഫീസ്, സബ് റീജിയണൽ ട്രാൻസ്പോർട് ഓഫീസ്, മൈനർ ഇറിഗേഷൻ ഓഫീസ്, ക്ഷീര വികസന ഓഫീസ് എന്നിവയുണ്ടാകും.
രണ്ടാം നിലയിൽ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ്, എസ് ജി എസ് ടി ഓഫീസ്, താലൂക്ക് സപ്ലെെ ഓഫീസ്, താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസ് എന്നിവയും, മൂന്നാം നിലയിൽ താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവയും, നാലാം നിലയിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഫുഡ് സേഫ്റ്റി ഓഫീസ്, റി- സർവ്വേ ഓഫീസ്, കോൺഫറൻസ് റും എന്നിവയും, അഞ്ചാം നിലയിൽ വാട്ടർ അതോറിറ്റി ഓഫീസ്, എക്സൈസ് റേഞ്ച് ഓഫീസ്, ഐ സി ഡി എസ് ഓഫീസ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പട്ടാമ്പി താലൂക്കിൽ നിലവിൽ പ്രവർത്തിച്ചു വരുന്ന മുഴുവൻ സർക്കാർ സ്ഥാപനങ്ങളും റവന്യൂ ടവറിലേക്ക് മാറും. ഇത് സർക്കാർ സേവനം ആവശ്യമുള്ള പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാകും.
