പട്ടാമ്പി സെൻട്രൽ ഓർച്ചാഡ്; ഓക്സിജൻ പാർക്ക് തുറന്നു
പട്ടാമ്പി ● സെൻട്രൽ ഓർച്ചാഡ് സമഗ്ര വികസനം - ഓക്സിജൻ പാർക്ക് ഫാം ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പൂർത്തീകരണ ഉദ്ഘാടനം മന്ത്രി പി പ്രസാദ് ഓൺലൈനായി നിർവ്വഹിച്ചു. മുഹമ്മദ് മുഹസിൻ എം എൽ എ അധ്യക്ഷനായി. ഉദ്ഘാടന ഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് സംഘടിപ്പിച്ച "പ്രകൃതി കിസ്സാൻ മേള" മുഹമ്മദ് മുഹസിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി രാമദാസ് അധ്യക്ഷനായി. ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ ആശ പദ്ധതി വിശദീകരണം നടത്തി. വിവിധ പഞ്ചായത്ത് പ്രസിഡന്റ് മാരായ പി പി വിജയൻ, കെ പി മണി, നീലടി സുധാകരൻ, ഓങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, നഗരസഭ കൗൺസിലർ ടി പി ഉസ്മാൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി ഗോപാലകൃഷ്ണൻ, എം എൻ കരുണാകരൻ, മുഹമ്മദാലി മറ്റാൻതടം, കെ പി അബ്ദുറഹിമാൻ, ജയകൃഷ്ണൻ പടനായകത്ത്, ജില്ല കെ വി കെ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം ഇസ്റായേൽ തോമസ്, ഫാം കാൺസിൽ പ്രതിനിധികളായ കെ അപ്പു, സി അർജ്ജുനൻ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി വർഗ്ഗീസ്, സെൻട്രൽ ഓർച്ചാർഡ് കൃഷി അസിസ്റ്റ് ഡയറക്ടർ ടി ടി തോമസ്, രജിത, ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ വൃന്ദ, പട്ടാമ്പി കൃഷി ഓഫീസർ എം എസ് സൂര്യ എന്നിവർ സംസാരിച്ചു.
2024-25 വർഷത്തെ ബജറ്റിൽ വികസന ഫണ്ടിൽ നിന്നും അഞ്ച് കോടി രൂപ പദ്ധതിക്കായി സർക്കാർ അനുവദിച്ചിരുന്നു. പദ്ധതിയിൽ 400 ചതുരശ്ര മീറ്റർ വിസ്ത്രിതിയിൽ രണ്ടു നിലകളോടു കൂടിയ ഓർഗാനിക് യൂണിറ്റ് കം ട്രെയിനിങ് ഹാളിന്റെ നിർമ്മാണം, ലാൻഡ് ഡെവലപ്മെന്റ് വർക്ക്, 300 മീറ്റർ നീളത്തിൽ കോമ്പൗണ്ട് വോൾ നിർമ്മാണം, 325 മീറ്റർ നടപ്പാത നിർമ്മാണം, 1000 മീറ്റർ ചെയിൻ ലിങ്ക് ഫെൻസിങ്, ഒരു പോളി ഹൗസിന്റെ നിർമ്മാണം, ഒരു ഡക്ക് കേജ്, 13 ഏക്രയിൽ മൈക്രാ ഇറിഗേഷൻ സിസ്റ്റം നടപ്പിലാക്കൽ,3 കുഴൽ കിണറുകൾ കുഴിക്കുക, ഇടിഞ്ഞു തൂർന്നു കിടക്കുന്ന പഴയ കിണർ പുതുക്കി നിർമ്മിക്കൽ, പുതിയതായി നിർമ്മിക്കുന്ന ഓർഗാനിക് യൂണിറ്റ് കം ട്രെയിനിങ് ഹാളിന്റെ വൈദ്യുതീകരണ പ്രവർത്തി, ഫാമിലേക്ക് ആവശ്യമായ അഗ്രോ മെഷിനറികൾ, രണ്ട് പുല്ല് വെട്ടുമിഷിൻ, ഒരു ചെയിൻസോ, കമ്പ്യൂട്ടർ, ഓഫീസ് ഫർണിച്ചർ തുടങ്ങിയവ വാങ്ങുക, വിദേശീയമായ ചെടികൾ വാങ്ങുന്നതിനും, ചെടികൾ നടുന്നതിനുള്ള ഉപകരണങ്ങൾ വാങ്ങുക, ഹെർബൽ ഹാർഡിലേക്ക് ഔഷധസസ്യങ്ങൾ വാങ്ങൽ, ഓർച്ചാഡിന്റെ എതിർവശത്തുള്ള സ്ഥലത്ത് കുട്ടികളുടെ പാർക്ക് ഒരുക്കൽ എന്നീ പ്രവർത്തികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഫാം ടൂറിസവുമായി ബന്ധപ്പെട്ട് വരുന്ന നടപ്പാത, തട്ടുകളാക്കി തിരിച്ച നിലം ശരിയാക്കൽ, ഇറിഗേഷൻ സിസ്റ്റം, പാഴ് മരങ്ങൾ വെട്ടിമാറ്റൽ, കാട് മൂടി നിൽക്കുന്ന മരങ്ങളുടെ ശികരങ്ങൾ മുറിച്ചുമാറ്റൽ, കുട്ടികൾക്കായി പാർക്ക് ഒരിക്കൽ എന്നിവയ്ക്ക് പുറമേ ഓർച്ചാഡിലെയും, നെല്ലിയാമ്പതി അടക്കമുള്ള ഫാമുകളിലെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ, വിവിധ കർഷക കൂട്ടായ്മയുടെ കാർഷികോൽപന്നങ്ങൾ വിറ്റൊഴിക്കുന്നതിനും, ഓരു കോഫി ഷോപ്പുമടക്കം അഞ്ച് സെയിൽസ് ഔട്ട്ലെറ്റുകൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഇവിടെ എത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം, ഇരിപ്പിടങ്ങൾ, നൂതന കൃഷികളും മറ്റു അനുബന്ധ കൃഷി രീതികളേയും കുറിച്ച് ചർച്ചകളും, സംവാധങ്ങളും നടത്തി കർഷകരുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും, വിധത്തിൽ കലാപരിപാടികൾ സംഘടിപ്പിക്കാൻ കഴിയുന്നതുമായ മനോഹരമായ ഒരു ഓപ്പൺ സ്റ്റേജ്, ഏറുമാടങ്ങൾ, വൈദ്യുതീകരണ പ്രവർത്തികൾ എന്നിവയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ കേര പദ്ധതിയുടെ ഭാഗമായി 10 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി സെൻട്രൽ ഓർച്ചാഡിൽ നടപ്പാക്കും.
